ബെംഗളൂരു: കർണാടക ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷം. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഇതുവരെ ബി.ജെ.പിക്കായില്ല. യെദിയൂരപ്പ ഡൽഹിയിൽ നടത്തിയ ചർച്ചകളും വിഫലമായി. രണ്ട് നിരീക്ഷകരെ അയക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് ബി.ജെ.പി. ബസവരാജ് ബൊമ്മൈ, ബസൻഗൗഡ പാട്ടീൽ യത്നാൽ, അശ്വത്നാരായൺ, വി സുനിൽ കുമാർ, ആർ അശോക് എന്നിവരെയാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കര്‍ണാടക ബി.ജെ.പിയിലെ 11 നേതാക്കള്‍ക്കെതിരെ അച്ചടക്കലംഘന ആരോപണം ഉയര്‍ന്നിട്ടുണ്ട്. രേണുകാചാര്യ, ബസനഗൗഡ പാട്ടീൽ യത്നാൽ, മുരുഗേഷ് നിരാണി, പ്രഭു ചൗഹാൻ, പ്രതാപ് സിംഹ, രമേഷ് ജിഗജിനാഗി, ദാസറഹള്ളി മുനിരാജു, എഎസ് നദഹള്ളി, ചരന്തി മത്ത്, തമ്മേഷ് ഗൗഡ, ഈശ്വർ സിങ് താക്കൂർ എന്നിവര്‍ക്കെതിരെയാണ് അച്ചടക്കലംഘന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. നേതാക്കൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പാർട്ടിയുടെ ഐക്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കുമെന്ന് ചിലർ നേതൃത്വത്തിന് ഉറപ്പ് നൽകിയതിനെ തുടർന്ന് നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.
ചില ബി.ജെ.പി നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് മൈസൂരിൽ നിന്നുള്ള പാർലമെന്‍റ് അംഗം പ്രതാപ് സിംഹ വിമര്‍ശിക്കുകയുണ്ടായി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഉത്തരവാദി ആരെന്ന് ദേശീയ നേതൃത്വത്തോട് വെളിപ്പെടുത്തുമെന്ന് മുന്‍ എം.എല്‍.എ രേണുകാചാര്യയും പറയുകയുണ്ടായി.