ചെന്നൈ: തക്കാളി വില കുതിച്ചുയരുന്നതിൽ നിന്ന് ആശ്വാസം പകരാൻ ചെന്നൈ നിവാസികൾക്ക് നഗരത്തിലെ റേഷൻ കടകളിൽ നിന്ന് തക്കാളി 60 രൂപയ്ക്ക് സബ്‌സിഡി വിലയ്ക്ക് വാങ്ങാമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. വിപണിയിൽ കിലോക്ക് 160 രൂപയാണ് തക്കാളിക്ക് വില.
നാളെ മുതൽ ചെന്നൈയിലെ 82 റേഷൻ കടകളിൽ തക്കാളി വിൽക്കും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാന സർക്കാർ നടത്തുന്ന റേഷൻ കടകളിൽ നിന്ന് 60 രൂപക്ക് ഒരു കിലോ തക്കാളി ലഭിക്കുമെന്ന് തമിഴ്‌നാട് സഹകരണ, ഭക്ഷ്യ, ഉപഭോക്തൃ സംരക്ഷണ വകുപ്പ് മന്ത്രി പെരിയകറുപ്പൻ പറഞ്ഞു.
പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി വ്യക്തമാക്കി. നിലവിൽ പച്ചക്കറികൾ കുറഞ്ഞ വിലയിൽ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ട്. നാല് ദിവസത്തിനുള്ളിൽ തക്കാളി വല കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. എല്ലാ വർഷവും സമാനമായ അവസ്ഥയിൽ തക്കാളിയുടെയും ഉള്ളിയുടെയും വിലയിൽ പൊടുന്നനെ വർധനവ് ഉണ്ടാകാറുണ്ട്. എന്നാൽ വരും വർഷങ്ങളിൽ ഈ സാഹചര്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.