ലണ്ടൻ: യുകെയിൽ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളിയായ ഭർത്താവ് സാജുവിന് 40 വർഷം തടവ്. പ്രതി ചെയ്തത് മാപ്പ് അർഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു. 2022 ഡിസംബർ 14നു രാത്രി 10 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദ്യം നഴ്സായ ഭാര്യ അഞ്ജുവിനെയും നാലു മണിക്കൂറിനു ശേഷം മക്കളെയും ഭർത്താവായ സാജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയാണ് സാജു കൊലപ്പെടുത്തിയത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏൽപിച്ചിരുന്നു. കേസിൽ 40 വർഷം തടവിനാണു കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെ കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ ശിക്ഷ ഉറപ്പാക്കണമെന്നും അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്നും സാജുവിനെ വിലക്കിയതായും നോർതാംപ്ടൻ ക്രൗൺ കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.
ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്താണ് മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്. ഡ്യൂട്ടിയിലുണ്ടായിട്ടും ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
സുഹൃത്തുക്കളം സഹപ്രവർത്തകരും അന്ന്വേഷിച്ച് എത്തുമ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജുവിനെ കണ്ടെത്തിയത്. രണ്ട് കുട്ടികളും അബോധാവസ്ഥയിലായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്.