ചെന്നൈ ∙ സേലത്തു ഗൃഹപാഠം ചെയ്യാതെത്തിയത് അധ്യാപികയെ അറിയിച്ച ക്ലാസ് ലീഡറുടെ കുടിവെള്ള കുപ്പിയിൽ വിഷം കലക്കിയ 8–ാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിഷം കലർന്ന വെള്ളം ക്ലാസ് ലീഡർ കുടിച്ചെങ്കിലും രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നു തുപ്പിക്കളഞ്ഞതിനാൽ ജീവൻ രക്ഷപെട്ടു. സേലം ശങ്കഗിരി സർക്കാർ ഹൈസ്കൂളിലാണു സംഭവം.
വെള്ളത്തിന് അരുചി അനുഭവപ്പെട്ടതിനെ തുടർന്നു കുട്ടി വിവരം അധ്യാപകരെയും അറിയിച്ചു. തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ കുട്ടിയുടെ രക്ഷിതാക്കളും എത്തി കുപ്പി പരിശോധിച്ചു. പിന്നാലെ, മുൻകരുതലെന്ന നിലയ്ക്കു ക്ലാസ് ലീഡറായ കുട്ടിയെ ആദ്യം സർക്കാർ ആശുപത്രിയിലും തുടർന്നു തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുപ്പിയിലെ വെള്ളത്തിൽ വിഷം കലർന്നതായി ബോധ്യമായതോടെ മാതാപിതാക്കൾ ശങ്കഗിരി പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് 2 കുട്ടികൾക്കെതിരെ കേസെടുത്തത്.
ഇവരെ ചോദ്യം ചെയ്തപ്പോൾ ക്ലാസ് ലീഡർ ശകാരിച്ചെന്നും തുടർന്നു പ്രതികാരം ചെയ്യാനും തീരുമാനിച്ചതായി സമ്മതിച്ചു. കുട്ടികളിലൊരാൾ തന്റെ കൃഷിയിടത്തിൽ നിന്ന് ഏതാനും തുള്ളി കീടനാശിനി എടുത്ത് വെള്ളത്തിൽ കലക്കുകയായിരുന്നു. ക്ലാസ് ലീഡർക്ക് വയറിളക്കം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും അവർ പൊലീസിനോടു പറഞ്ഞു. 2 വിദ്യാർഥികൾക്കും കൗൺസിലിങ് നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ശങ്കഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.രാജ പറഞ്ഞു.