തിരുവനന്തപുരം: ഏക സിവിൽകോഡിലെ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുസ്ലിം സംഘടനകളെ ഒപ്പം ചേർക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസും സമരരംഗത്തേക്ക് ഇറങ്ങുന്നത്. പാർട്ടി പുനഃസംഘടനയും യോഗത്തിൽ വിലയിരുത്തും.
ഏക സിവിൽ കോഡിനെതിരെ സി.പി.എം ഒരു മുഴം മുന്നേ എറിഞ്ഞതിന്റെ അപകടം തിരിച്ചറിഞ്ഞാണ് സമര പരിപാടികളിലേക്ക് കടക്കാൻ കോൺഗ്രസിലും ആലോചന തുടങ്ങിയത്. മുസ്ലിം സമുദായത്തെ ഒപ്പം നിർത്താനുള്ള സി.പി.എം ശ്രമത്തിന് തടയിടുക കൂടി കോൺഗ്രസിന്റെ ലക്ഷ്യമാണ്. കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് മുസ്ലിം സംഘടനകളുമായി ആശയവിനിമയം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടെന്ന സി.പി.എം പ്രചാരണത്തെ ചെറുക്കുന്ന നിലയിൽ കൂടിയുള്ള സമര പരിപാടികൾ കെ.പി.സി.സി എക്സ്ക്യുട്ടീവ് ആവിഷ്കരിക്കും.
കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കേസുകളെ രാഷ്ട്രീയമായി നേരിടുന്നതും യോഗം ചർച്ച ചെയ്യും. മണ്ഡല പുനഃസംഘടനയിലെ പുരോഗതി, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എന്നിവയും ഇന്നത്തെ നേതൃയോഗത്തിൽ വിലയിരുത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും യോഗത്തിൽ പങ്കെടുക്കും.