ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപി നേതാവ് ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം തുറന്നു കാണിക്കുന്നത് ആദിവാസികൾക്കും ദലിതർക്കും എതിരെയുള്ള ബിജെപിയുടെ മനുഷ്യത്വരഹിത നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗോത്രവർഗ സഹോദരർക്കെതിരെയുള്ള അതിക്രമങ്ങൾ ബിജെപിയുടെ ഭരണത്തിൻകീഴിൽ വർധിച്ചു വരികയാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
‘‘മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ ആദിവാസി യുവാവിനോടുള്ള മനുഷ്യത്വരഹിതമായ അതിക്രമം മാനവരാശിയെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദലിതരോടുമുള്ള ബിജെപിയുടെ നിലപാടിന്റെ യഥാര്‍ഥമുഖമാണ് ഇത്.’’– രാഹുൽ ട്വീറ്റ് ചെയ്തു. സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് െചയ്തു.
സിന്ധി എംഎൽഎയും ബിജെപി നേതാവുമായ കേദാർനാഥ് ശുക്ലയുടെ അനുയായിയാണ് പ്രതി എന്നു കോൺഗ്രസ് ആരോപിച്ചു. അതേസമയം, കോൺഗ്രസിന്റെ ആരോപണം എംഎൽഎ ഓഫിസ് നിരസിച്ചു. പ്രതി ബിജെപി അംഗം പോലും അല്ലെന്ന് എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
ദലിതരെ മനുഷ്യരായി കാണാൻ ബിജെപി തയാറാകുന്നില്ലെന്നും ഇതു ഗോത്രവർഗക്കാരെ അപമാനിക്കാവുന്നതിന്റെ പരമാവധിയാണെന്നും കോൺഗ്രസ് എംപി കമൽനാഥ് പ്രതികരിച്ചു. തികച്ചും മനുഷ്യത്വ രഹിതവും ലജ്ജിപ്പിക്കുന്നതുമാണ് ഈ സംഭവമെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പ്രതികരണം. പ്രതിക്കെതിരെ കേസെടുക്കുക മാത്രമല്ല, പ്രതിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു.