തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതൽ അറിയുക
അതേസമയം ആറുകൾ കരകവിയുന്നതാണ് കോട്ടയം ജില്ലയിലെ പ്രധാന മഴക്കെടുതിക്ക് കാരണം. തീരങ്ങളിലുള്ള വീടുകളിൽ അപ്രതീക്ഷിതമായി വെള്ളം കയറുന്നു. താഴ്ന്ന പ്രദേശങ്ങൾ വേഗത്തിൽ വെള്ളത്തിനടിയിലാകുന്നു. തുടർച്ചയായ മഴയില്ലാത്തിനാൽ താത്കാലിക ആശ്വാസത്തിലാണ് പ്രദേശവാസികൾ. കനത്തമഴ പത്തനംതിട്ട ജില്ലയിലും ആശങ്കയേറ്റുകയാണ്. അപ്പർ കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീതിയുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി. പമ്പ, മണിമല നദികൾ കരകവിഞ്ഞതോടെ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നു. പല പ്രധാന റോഡുകളിലും വെള്ളം കയറി. ചില സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.