ചെന്നൈ: ഗവർണർ ആർ.എൻ. രവി രാഷ്ട്രീയം പറയരുതെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. രാഷ്ട്രീയം പറയാൻ ഗവർണർ രാഷ്ട്രീയക്കാരനല്ലെന്നും വില്ലുപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.‘ഡി.എം.കെക്ക് എതിരെ ആയാലും രാഷ്ട്രീയക്കാരെപോലെ ഗവർണർ വിമർശിക്കരുത്. അത് തെറ്റായ മാതൃക സൃഷ്ടിക്കും. സർക്കാരിനെ വിമർശിക്കണമെന്ന് ഗവർണർ ആഗ്രഹിക്കുന്നുവെങ്കിൽ, നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനിടെ അത് ചെയ്യാം. അല്ലാതെ പ്രതിപക്ഷ പാർട്ടികളെപ്പോലെ ഗവർണർ സംസ്ഥാന സർക്കാരിനെ വിമർശിക്കരുത്. ഇങ്ങനെ സർക്കാരിനെ വിമർശിക്കുന്നത് പദവിക്ക് യോജിക്കുന്നതല്ല’ -അണ്ണാമലൈ പറഞ്ഞു.
സർവകലാശാലകളിലെ ഒഴിവുകളുടെ പേരിൽ ചൊവ്വാഴ്ച രാജ്ഭവനിൽ വൈസ് ചാൻസലർമാരുമായി നടത്തിയ യോഗത്തിൽ ഗവർണർ ആർ.എൻ. രവി വിമർശനം ഉന്നയിച്ചിരുന്നു. ക്രിയാത്മകമായ വിമർശനങ്ങളുണ്ടെങ്കിൽ അത് ഉചിതമായ വേദികളിൽ ഗവർണർ പ്രകടിപ്പിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.‘മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത് പോലെ അഴിമതി ആരോപണവിധേയരായ കേന്ദ്രമന്ത്രിമാരെയും മാറ്റാൻ ഗവർണർ കേന്ദ്രസർക്കാരിനെ ഉപദേശിക്കുമോ’ എന്ന് ചോദിച്ച് അഴിമതിയാരോപണം നേരിടുന്ന കേന്ദ്രമന്ത്രിമാരുടെ പേരുകൾ അടങ്ങിയ പോസ്റ്റർ ഡി.എം.കെ വ്യാപകമായി പതിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളോട് ഗവർണർ പ്രതികരിച്ച പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
ഗവർണർ മാധ്യമങ്ങളെ കാണുന്നത് ഉചിതമല്ലെന്ന് അണ്ണാമലൈ പറഞ്ഞു. “അദ്ദേഹം മാധ്യമങ്ങളെ കാണരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഗവർണർമാർ ആവശ്യമുള്ളപ്പോൾ മാത്രം ആറ് മാസത്തിലോ വർഷത്തിലോ ഒരിക്കൽ അഭിമുഖം നൽകാറുണ്ടായിരുന്നു. മുൻ വർഷങ്ങളിലെല്ലാം അങ്ങനെയാണ് പ്രവർത്തിച്ചിരുന്നത്. ഞങ്ങൾക്ക് (ബി.ജെ.പി) ഗുണം ചെയ്‌താലും ഗവർണർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ പാടില്ല. സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും ഗവർണർ ഇടപെട്ട് സംസാരിച്ചാൽ എന്ത് സംഭവിക്കും? ഗവർണറുടെ നടപടി സംസ്ഥാന സർക്കാർ അംഗീകരിക്കുമോ? ഡി.എം.കെയും എന്തുകൊണ്ട് ഇത് മനസ്സിലാക്കുന്നില്ല?’ – അണ്ണാമലൈ ചോദിച്ചു.