കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്. ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അഭിപ്രായപ്പെട്ടു. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടികാട്ടി.
ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദൻ ആശങ്കപ്പെടേണ്ടതെന്നും അവർ പറഞ്ഞു. ഇന്നാട്ടിൽത്തന്നെ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദൻ മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിനെതിരെ രൂക്ഷമായി വിമർശിച്ച് ഇന്ന് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡില്‍ സി പി എം നിലപാട് ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയത്. ബി ജെ പിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇ എം എസിന്‍റെ നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സി പി എം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു എന്നും സതീശൻ വ്യക്തമാക്കി.