ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പോരാട്ടം ജനങ്ങളുടെ താൽപര്യത്തിനും സത്യത്തിനും വേണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അപകീർത്തി കേസിൽ രാഹുൽ നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. സത്യം മൂടി വയ്ക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. സത്യം ജയിക്കും, പൊതുജനങ്ങളുടെ ശബ്ദം വിജയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിൽ രാഹുലിനെതിരെ ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി അപകീർത്തി കേസ് നൽകിയിരുന്നു. ഈ കേസിൽ രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സിജെഎം കോടതി രണ്ട് വർഷം ശിക്ഷ വിധിക്കുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിധിയിൽ ഇടപെടാനാകില്ലെന്നും ഏതെങ്കിലും തരത്തില്‍ വിചാരണ കോടതിയുടെ നടപടി ക്രമങ്ങളില്‍ ഇടപെട്ട് ശിക്ഷ സ്റ്റേ ചെയ്യുന്നത് റൂള്‍ അല്ലായെന്നുമാണ് ഹർജി തള്ളിയ ഹൈക്കോടതി പറഞ്ഞത്.
രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്നും അധികാര സ്ഥാനത്തിരിക്കുന്നയാള്‍ ഉത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ കേസിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. വർത്തമാനകാലത്ത് ഗുജറാത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നാണ് ഹർജി തള്ളിയതിനോട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഹർജി തള്ളിയതോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.