ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസിലെ കീഴ്‌ക്കോടതി വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ നടപടി നിരാശപ്പെടുത്തുന്നതാണെങ്കിലും അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് ഹൈക്കോടതിയുടേയും സെഷന്‍സ് കോടതിയുടേയും നിയമശാസ്ത്രത്തിന് സമാനമായ മറ്റൊന്ന് നിയമവ്യവസ്ഥയിലില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി പ്രതികരിച്ചു.
ഈ വിധി നിരാശപ്പെടുത്തുന്നതാണ്, എന്നാൽ പ്രതീക്ഷിച്ചിരുന്നതാണ്. ഹൈക്കോടതിയുടെ ഈ വിധിയില്‍ തികച്ചും അസാധാരണമായ നീതിശാസ്ത്രമാണുള്ളത്. അപകീര്‍ത്തിക്കേസുകളില്‍ ഇതിന് സമാനമായ ഇടപെടലോ കീഴ്‌വഴക്കമോ കേട്ടിട്ടില്ലെന്നും സിംഗ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു സമുദായത്തെ മൊത്തമായി അപകീര്‍ത്തിപ്പെടുത്തിയെന്ന് തെളിയിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സമുദായത്തെ മുഴുവനായി അപകീര്‍ത്തിപ്പെടുത്തിയെന്നതിനും ശിക്ഷാവിധി സ്റ്റേ ചെയ്യാതിരിക്കുന്നതിനും മുൻ ഉദാഹരണങ്ങളില്ല. രാഹുലനെതിരെ ആസൂത്രിതനീക്കമാണ് നടക്കുന്നതെന്ന കാര്യം വ്യക്തമാണെന്നും സിംഗ്‌വി ആരോപിച്ചു.