തൃശൂർ: ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം.വി.ഗോവിന്ദൻ മാപ്പുപറഞ്ഞു പരാമര്‍ശം പിന്‍വലിക്കണമെന്നു പാസ്റ്ററല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
‘‘സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എം.വി.ഗോവിന്ദന്‍ ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതു പൊതുസമൂഹം തിരിച്ചറിഞ്ഞു.’’ ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
മണിപ്പുരില്‍ കലാപത്തിനു ശാശ്വത പരിഹാരം തേടാന്‍ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും മറ്റൊരു പ്രമേയത്തില്‍ യോഗം അപലപിച്ചു. ‘‘മണിപ്പുരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസ്സംഗത വേദനാജനകമാണ്. വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നത്. മണിപ്പുരിലെ ഗോത്രജനതയുടെ വേദന ക്രൈസ്തവ സമൂഹത്തിന്റെ മുഴുവന്‍ വേദനയാണ്. ഈ വികാരം ഉള്‍ക്കൊണ്ടാണു ജൂലൈ ഒന്നിനു ചാലക്കുടിയില്‍ 16 കിലോമീറ്റര്‍ നീളത്തില്‍ 30,000 ത്തോളം വിശ്വാസികള്‍ അണിനിരന്ന മനുഷ്യച്ചങ്ങല നടത്തിയത്.’’– മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
നാട്ടുകാരായ വിശ്വാസികൾ പള്ളികളിൽ പോകാതായതോടെ ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നയിരുന്നു എം.വി.ഗോവിന്ദൻ പറഞ്ഞത്. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ എം.വി.ഗോവിന്ദൻ പങ്കുവച്ചത്.