ശ്രീനഗര്‍: ഏക സിവില്‍ കോഡ് എല്ലാ മതവിഭാഗത്തെയും ബാധിക്കുമെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയ എളുപ്പത്തില്‍ യുസിസി നടപ്പിലാക്കാന്‍ കഴിയില്ലെന്നും ആസാദ് പറഞ്ഞു.
മുസ്ലീങ്ങളെ മാത്രമല്ല, ക്രിസ്ത്യാനികളെയും സിഖുകാരെയും ആദിവാസികളെയും ജൈനരെയും പാഴ്‌സികളെയുമെല്ലാം ഒറ്റയടിക്ക് ശല്യപ്പെടുത്തുന്നത് ഒരു സര്‍ക്കാരിനും നല്ലതല്ല. അതിനാല്‍, ഏക സിവിൽ കോഡ് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്, ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മു ആന്‍ഡ് കശ്മീരില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രഖ്യാപനത്തെ ആസാദ് സ്വാഗതം ചെയ്തു. എന്നാല്‍ കേന്ദ്രഭരണ പ്രദേശത്തെ സ്ഥിരതാമസക്കാരായ പാവപ്പെട്ടവർക്ക് മാത്രമേ ഭൂമി നല്‍കാവൂവെന്നും പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഏക സിവില്‍ കോഡിനെതിരെ എതിര്‍പ്പ് ശക്തമാവുകയാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കൂടാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യകക്ഷികളും യുസിസിക്കെതിരെ രംഗത്ത് വന്നിരുന്നു.