ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്‌സ്.യു.വി കാർ. ഏറ്റവും പുതിയ മോഡലായ എക്‌സ്.യു.വി 700 എ.എക്‌സ് 7 ഓട്ടോമറ്റിക് കാറാണ് സമർപ്പിച്ചത്. പെട്രോൾ എഡിഷനാണ്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. 25 ലക്ഷം രൂപ വിലയുണ്ട്
ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു വാഹന സമർപ്പണച്ചടങ്ങ്. കിഴക്കെനടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്‌നോളജി ആൻഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആർ. വേലുസ്വാമി കൈമാറി.2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു. ഇത് ലേലത്തിൽ പോയത് വിവാദത്തിലായിരുന്നു.
ഥാർ ലേല വിവാദം
ഗുരുവായൂരിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ആദ്യം ലേലം വിവാദമായതിനെ തുടർന്ന് പുനർലേലം വേണ്ടിവന്നു. 2021 ഡിസംബർ 18ന് നടന്ന ലേലത്തിൽ കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലി 15.1 ലക്ഷത്തിന് കാർ സ്വന്തമാക്കി.
എന്നാൽ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ഹിന്ദു സേവാ സമിതി ഹൈക്കോടതിയിൽ പരാതി നൽകി. ഇരു കക്ഷികളുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ ദേവസ്വം കമ്മിഷണറോട് കോടതി നിർദേശിച്ചു. അമൽ മുഹമ്മദ് പിന്മാറിയതോടെ വീണ്ടും ലേലം നടത്തി. 2021 ജൂൺ ഏഴിന് ദുബായ് വ്യവസായി വിഘ്നേഷ് വിജയകുമാർ 43 ലക്ഷം രൂപയ്ക്ക് ഥാർ സ്വന്തമാക്കി.