മലപ്പുറം: ഏകസിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോൺഗ്രസിനെ മാറ്റി നിർത്തി സെമിനാറിൽ പങ്കെടുക്കില്ല. പങ്കെടുത്താൽ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും അതിൽ പങ്കെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇവിടുത്തെ സെമിനാറുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ആകരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യോജിപ്പിനുള്ള സെമിനാർ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാൻ കോൺഗ്രസ് ഇടപെടലുകൾക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല പറഞ്ഞിരുന്നു.