തിരുവനന്തപുരം: ഏക സിവിൽ കോഡിൽ ബിജെപിയുടെ അതേ നീക്കമാണ് സിപിഐഎം നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ്. സിപിഐഎം രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏക സിവിൽ കോഡ് വേണമെന്ന് പണ്ട് സിപിഐഎം നയപരമായ നിലപാട് എടുത്തിട്ടുണ്ട്. ഇഎംഎസ്സിന്റെ ആ നിലപാട് പിന്നെ തിരുത്തി കണ്ടതേയില്ല. സിപിഐഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ്. കാലത്തിനൊത്ത് മാറുകയാണെങ്കിൽ സിപിഐഎം അത് തുറന്നു പറയണം. എന്നിട്ട് വേണം എം വി ഗോവിന്ദൻ സെമിനാറിന് ആളുകളെ ക്ഷണിക്കാനെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ സെമിനാറിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ മുസ്ലിം ലീഗ് പക്വമായ നിലപാട് എടുത്തു. അവരുടെ കള്ളക്കളി ലീഗിന് കൃത്യമായി മനസ്സിലായി. രാഷ്ട്രീയമായി വിഷയം ഉപയോഗിക്കരുതെന്ന് ലീഗ് പല തവണ പറഞ്ഞതാണ്. ഹിന്ദു-മുസ്ലിം പ്രശ്നമായി ചിത്രീകരിക്കാനുള്ള ബിജെപി ശ്രമം സിപിഐഎമ്മും ഏറ്റു പിടിക്കുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തത് തന്നെ സിപിഐഎമ്മിന്റെ കള്ളക്കളിയാണ്. ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് മുന്നിൽ കണ്ടാണെന്നും എംഎൽഎ ആരോപിച്ചു.
വിഷയത്തിൽ സമസ്തയ്ക്ക് അവരുടേതായ തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. സമസ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. ലീഗിൽ പുരോഗമനവും മതേതരത്വവും ഉണ്ടെന്ന് സിപിഐഎം അംഗീകരിച്ചത് നല്ല കാര്യമാണ്. വൈകി വന്ന ബുദ്ധിയാണ് അത്. ക്രൈസ്തവ വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്ന നിലപാട് സിപിഐഎം എടുക്കുന്നു. എം വി ഗോവിന്ദൻ മാപ്പ് പറഞ്ഞു എന്നൊക്കെയാണ് കേൾക്കുന്നത്. ഇത്തരം സമീപനം ശരിയാണോ എന്ന് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടനാട്ടിലെ വെള്ളക്കെട്ടും കൃഷി നാശവും മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ സർക്കാർ കബളിപ്പിക്കുകയാണ്. കർഷകർക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നില്ല. സർക്കാർ സഹായമോ സാന്നിധ്യമോ ഉണ്ടാകുന്നില്ല. കഴിഞ്ഞ പ്രളയ കാലത്തെ ആനുകൂല്യങ്ങൾ പോലും ഇപ്പോഴും മുടങ്ങി കിടക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.