ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ ഹിമാചലിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. മഴക്കെടുതിയിൽ നാലു സംസ്ഥാനങ്ങളിലായി രണ്ട് സൈനികർ ഉൾപ്പെടെ 15 പേർ മരിച്ചു. മഴക്കെടുതിയിൽ രാജസ്ഥാനിലും ഡൽഹിയിലുമായി അഞ്ചുപേരാണ് മരിച്ചത്.ഹിമാചൽ പ്രദേശിൽ വ്യാപക മണ്ണിടിച്ചിലിനെ തുടർന്ന് റോഡ്- റെയിൽ ഗതാഗതം സ്തംഭിച്ചു.
ഷിംല-കൽക്ക റെയിൽ പാതയിൽ മണ്ണിടിഞ്ഞത് 20 ട്രെയിൻ സർവീസുകളെ ബാധിച്ചു. മണാലി – മാണ്ഡി, ബിലാസ്പൂർ -ഷിംല,ഷിംല കൽക്ക ഹൈവേകളിൽ മരം കടപുഴകിയും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വീടുതകർന്ന് അഞ്ചുപേരാണ് മരിച്ചത്.ഹിമാചലിൽ ഏഴ് ജില്ലകളിലും ജമ്മു കശ്മീരിൽ രണ്ട് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കശ്മീരിലെ പൂഞ്ച് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ രണ്ട് സൈനികരുടെ മൃതദേഹം കണ്ടെടുത്തു. ജമ്മുവിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു.അതേ സമയം, കാലാവസ്ഥ മെച്ചപ്പെട്ടതോടെ പഞ്ജതർണി, ശേഷനാഗ് ബേസ് ക്യാമ്പുകളിൽ നിന്ന് അമർനാഥ് യാത്ര പുനരാരംഭിച്ചു. ദർശനം നടത്തിയ ഭക്തർ ബാൽതാൽ ബേസ് ക്യാമ്പിലേക്ക് മടങ്ങും.