കൊച്ചി: എറണാകുളം സെന്റ്. മേരീസ് പള്ളിയിലെ വികാരി സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് ഫാദർ ആന്റണി നരിക്കുളം. സ്ഥാനം ഒഴിഞ്ഞു എന്നത് വ്യാജ പ്രചരണമാണ്. സെന്‍റ് മേരീസ് ബസിലിക്കയിലെ താമസം മാത്രമാണ് മാറ്റിയത്. തന്നെ മാറ്റിയാൽ ബസലിക്ക പള്ളിയിലെ പ്രശ്നം തീരുമെന്ന് പറഞ്ഞ് ചിലർ കർദ്ദിനാളിൽ സമ്മർദ്ദം ഉണ്ടാക്കി. സ്ഥലംമാറ്റത്തിനെതിരെ മേലാധികാരിക്ക് അപ്പീൽ നൽകിയതിനാൽ തന്‍റെ ചുമതല തുടരാം എന്നാണ് നിയമോപദേശമെന്നും ഫാദർ ആന്റണി നരിക്കുളം ഇടവകാംഗങ്ങൾക്ക് നൽകിയ കത്തിലൂടെ വ്യക്തമാക്കി.
കുർബാന തർക്കത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്റ് മേരീസ് ബലസിക്ക പള്ളിയിൽ ഒരു വിഭാഗം വിശ്വാസികൾ നടത്തുന്ന രാപ്പകൽ സമരത്തിൽ നാളെ മുതൽ വൈദികരും പങ്കാളികളാകും. അപ്പോസ്തലിക് അഡ്മിനിസ്ടേറ്റർ ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് നീതിയജ്ഞ സമരം തുടങ്ങിയതത്. സിനഡ് തീരുമാനം നടപ്പാക്കാത്തതിനെ തുടർന്ന് നിലവിലെ വൈദികൻ ആന്‍റണി നരികുളത്തെ നേരത്തെ സ്ഥലം മാറ്റി ആന്‍റണി പൂതവേലിലിനെ വികാരിയാക്കി നിയമിച്ചിരുന്നു. എന്നാൽ പുതിയ വികാരിക്ക് പ്രതിഷേധം കാരണം ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല.
സിനഡിന്‍റെ പിന്തുണയോടെയെത്തുന്ന പുതിയ വികാരി ആന്‍റണി പൂതവേലിലിനെ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രഖ്യാപനം. അതേസമയം പള്ളിയിൽ പ്രവേശിച്ച് ചുമതലയേൽക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഫാദർ ആന്‍റണി പൂതവേലിൽ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്. ആന്‍റണി പൂതവേലിൽ എപ്പോൾ ആവശ്യപ്പെട്ടാലും സുരക്ഷ ഒരുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു