(ജോർജ് നടവയൽ)
ഫ്രീമോണ്ട് (കാലിഫോർണിയ): പ്രശസ്ത ഗായകനും കർണ്ണാടക സംഗീതജ്ഞനുമായ “പാടും പാതിരി” ഡോ. ഫാദർ പോൾ പൂവത്തിങ്കൽ നയിക്കുന്ന “സോൾഫുൾ മെലഡീസ്” (Soulful Melodies) സംഗീത വിരുന്ന്, ഒക്ടോബർ 25 ഞായറാഴ്ച, ഫ്രീമോണ്ട് സെൻ്റ് തോമസ് സീറോ-മലബാർ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ഗേറ്റ്വുഡ് സ്ട്രീറ്റിലുള്ള സെന്റ് തോമസ് ചർച്ച് ഹാളിൽ (42500 Gatewood St, Fremont, CA) ഉച്ചയ്ക്ക് 1.30-നാണ് സോൾഫുൾ മെലഡീസ് എന്ന സംഗീത വിരുന്ന് ആരംഭിക്കുന്നത്.
‘പാടും പാതിരി’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യ വോക്കോളജിസ്റ്റായ ഫാ. പോൾ പൂവത്തിങ്കൽ, കാലത്തിനു മായ്ച്ചു കളയാനാകാത്ത മലയാള ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ്, “സോൾഫുൾ മെലഡീസ്” സംഗീത സന്ധ്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അനുപമമായ പുരുഷ ശബ്ദമാധുര്യം കൊണ്ടും കർണ്ണാടക സംഗീതത്തിലെ പ്രവീണ്യം കൊണ്ടും ശ്രദ്ധേയനായ ഫാ. പോൾ പൂവത്തിങ്കലിന്റെ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഏവരും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
അമേരിക്കയിലെ കാലിഫോർണിയയിലുള്ള ലോസ് ഏഞ്ചലസിലും സാൻ ഫ്രാൻസിസ്കോയ്ക്കടുത്തുള്ള സാൻ ഹൊസെയിലും ഡോ. ഫാ. പോൾ പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഗീത പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. അമേരിക്കയിലെ ഈ സംഗീത പര്യടനത്തിന്റെ വിജയത്തിനും തൃശ്ശൂരിൽ തുടക്കം കുറിക്കുന്ന ചേതന ഗാനാശ്രമത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കുമായി എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണമെന്ന് ഫാ. പോൾ പൂവത്തിങ്കൽ അഭ്യർത്ഥിച്ചു.
തൃശൂർ മണ്ണുത്തിക്കടുത്ത് നടത്തറയിൽ, 10 ഏക്കർ വ്യാപ്തിയിൽ നിർമ്മിക്കുന്ന, ചേതന ഗാനാശ്രമം പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം, 2026 മാർച്ച് 1-ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഔദ്യോഗികമായി നിർവഹിച്ചിരുന്നു.
മതസൗഹാർദ്ദത്തോടെ എല്ലാ ജനങ്ങൾക്കും, ആത്മീയ ഉണർവും, രോഗശാന്തിയും പകരുന്ന, സവിശേഷമായ സാംസ്കാരിക-സംഗീത കാമ്പസായിരിക്കും, ചേതന ഗാനാശ്രമം എന്നാണ് ഉപരാഷ്ട്രപതി പ്രശംസിച്ചത്.
ഭാരതീയ സംഗീതം ഒരു ആത്മീയ യാത്രയും ധ്യാനവുമാണെന്നും, സംഗീത സ്വരങ്ങൾ ചേരുമ്പോൾ ഈണമുണ്ടാകുന്നതുപോലെ, വൈവിധ്യമാർന്ന മനുഷ്യർക്ക് ഒരുമിച്ചുചേർന്ന്, സമൂഹത്തിൽ ഐക്യം സൃഷ്ടിക്കാൻ കഴിയുമെന്നുമാണ്, ഉപരാഷ്ട്രപതി പ്രസ്താവിച്ചത്.
ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. പോൾ പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ, കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയാണ് (KESS) ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സി.എം.ഐ പ്രൊവിൻഷ്യൽ ഡോ. ജോസ് നന്ദിക്കര എന്നിവരടക്കം നിരവധി പ്രമുഖരായിരുന്നു, തറക്കല്ലിടൽ കർമ്മത്തിൽ പങ്കെടുത്തത്.
ധ്യാനാലയം, സംഗീതാലയം, കലാലയം, ശബ്ദാലയം, യോഗാലയം എന്നീ അഞ്ച് കേന്ദ്രങ്ങൾ അടങ്ങുന്നതാണ് ചേതന ഗാനാശ്രമം സംഗീത-ആരോഗ്യ പദ്ധതി.
സംഗീതത്തിലൂടെ ശാന്തിയും സമാധാനവും സന്തോഷവും ആത്മീയ ഊർജ്ജവും പകരുന്ന സർവ്വമത ആശ്രമം എന്ന ദർശനമാണ് ഡോ. ഫാ. പോൾ പൂവത്തിങ്കൽ കാഴ്ച്ചവയ്ക്കുന്നത്.
ദിവ്യൗഷധമായ സംഗീതത്തിലൂടെ മനുഷ്യരിലെ തിന്മയെ തുടച്ചുമാറ്റി, മാനവസഹോദര്യത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന കേന്ദ്രമായിരിക്കും, ചേതന ഗാനാശ്രമമെന്ന് സംഗീത പ്രേമികൾ ആവേശം കൊള്ളുന്നു.
മനസ്സിനേയും ആത്മാവിനേയും ശുദ്ധീകരിക്കാനും, ശരീരത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും, സംഗീതോപാസന സഹായിക്കുന്നു, സൗഹൃദസാധ്യതയുള്ള സംഗീതം, മനുഷ്യനന്മയ്ക്കായി വിനിയോഗിക്കണം; ഇത്തരം ചിന്തകളാണ്, “ചേതന ഗാനാശ്രമത്തിലേക്ക് തന്നെ എത്തിച്ചതെന്നും”, ഡോ. ഫാ. പോൾ പൂവത്തിങ്കൽ പറഞ്ഞു.
ധ്യാനാലയം (മ്യൂസിക് മെഡിറ്റേഷൻ), സംഗീതാലയം (മ്യൂസിക് തെറപ്പി), ശബ്ദാലയം (വോയ്സ് തെറപ്പി), കലാലയം (സംഗീത നൃത്ത പരിശീലനം), യോഗാലയം (യോഗ തെറപ്പി) എന്നിങ്ങനെ 5 പ്രധാന ആലയങ്ങൾ ചേർന്നതാണ് ചേതന ഗാനാശ്രമം. പ്രായഭേദമന്യേ ഏവർക്കും പങ്കാളികളാകാവുന്ന വിധത്തിലാണ് ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കും ഇവിടെ നൽകുന്ന സംഗീത-ശബ്ദ ചികിത്സകൾ ഏറെ ഉപകാരപ്രദമായിരിക്കും. അടുത്ത 5 വർഷം കൊണ്ട് പൂർത്തിയാകുന്ന ഈ പദ്ധതി വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം ഡോ. ഫാ. പോൾ പൂവത്തിങ്കൽ അഭ്യർത്ഥിച്ചു.
Leave a Comment
Your comment will be visible after admin approval.