Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'മറഞ്ഞിരിക്കുന്ന മുഖ്യമന്ത്രിയും തെളിഞ്ഞിരിക്കുന്ന വിവാദങ്ങളും' ജെയിംസ് കൂടൽ എഴുതുന്നു

‘മറഞ്ഞിരിക്കുന്ന മുഖ്യമന്ത്രിയും തെളിഞ്ഞിരിക്കുന്ന വിവാദങ്ങളും’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)

കേരളത്തിലെ കാര്യങ്ങളൊക്കെ തകിടം മറഞ്ഞ അവസ്ഥയാണ് നിലവില്‍. ജനങ്ങളെ മറന്ന ഭരണാധികാരികളും അവരുടെ അടിമകളും ചേര്‍ന്ന് എന്തൊക്കയോ ചെയ്തു കൂട്ടുന്നു. അഴിമതിയും ദൂര്‍ഭരണവുംകൊണ്ട് ജനം വട്ടു കറങ്ങി എന്നു തന്നെ വേണം പറയാന്‍. മഴ തുടങ്ങിയതോടെ കോടികള്‍ മുടക്കിയ റോഡുകളില്‍ പലതും അതിവേഗത്തില്‍ പൊളിഞ്ഞടുങ്ങി, പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. പൊതുകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം തുടങ്ങി എല്ലാ വകുപ്പുകളും വിവാദങ്ങളുടെ കൊടുമുടിയേറി. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. കൊട്ടിഘോഷിച്ചു വന്ന രണ്ടാം പിണറായി സര്‍ക്കാരിനെ ജനത്തിനു മടുത്തു എന്നു പറയാതിരിക്കുന്നത് എങ്ങനെയാണ്.

പ്രശ്‌നം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇപ്പോള്‍ മറഞ്ഞിരുന്നാണ് പ്രവര്‍ത്തനം. കാര്യങ്ങള്‍ കൈവിട്ടതോടെ മാധ്യമങ്ങളില്‍ നിന്നും പിണറായി വിജയന്‍ ഒളിച്ചിരിക്കാന്‍ തുടങ്ങിയിട്ട് മാസം അഞ്ചു കഴിയുന്നു. നാഴികയ്ക്ക് നാല്‍പ്പതുവട്ടം പത്ര സമ്മേളനം വിളിച്ചിരുന്ന പതിവുണ്ടായിരുന്ന അദ്ദേഹത്തിനിപ്പോള്‍ മാധ്യമങ്ങളെ കാണേണ്ട. എന്തായാലും ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ പലതിനും കാര്യമുണ്ടെന്ന് ഇരട്ടച്ചങ്കന് അറിയാം. അതുകൊണ്ടുതന്നെ അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിയര്‍ക്കുമെന്ന ഉറപ്പും അദ്ദേഹത്തിനുണ്ട്. അപ്പോള്‍ പിന്നെ കടക്ക് പുറത്ത് എന്നു പറയും മുന്‍പ്, തല്‍ക്കാലം കാണേണ്ട എന്ന നിലപാടെടുക്കുന്നതാണ് ബുദ്ധി എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും.

കഴിഞ്ഞ അഞ്ചു മാസത്തിന് ഇടയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. ലോക കേരളസഭ മുതല്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് വിവാദം വരെ ഇപ്പോഴും പുകഞ്ഞു നില്‍ക്കുകയാണ്. എന്നിട്ടും ഇക്കാര്യങ്ങളില്‍ കൃത്യമായ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. മാധ്യമങ്ങളില്‍ നിന്ന് മാറി നടക്കുന്ന മോദിയുടെ വഴിയേ പിണറായിയും സഞ്ചരിക്കുന്നത് ഒളിച്ചുവയ്ക്കാന്‍ പലതും ഉള്ളതുകൊണ്ടു തന്നെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍ പങ്കുവയ്ക്കാതെ, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി ഭീരുവിന് തുല്യമാണ്. മുന്‍പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു പിന്‍തിരിപ്പന്‍ സമീപനം പിന്തുടര്‍ന്നിട്ടില്ല. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വന്‍സുരക്ഷാ വലയം ഇപ്പോള്‍ ഒരുക്കുന്നത് മാധ്യമങ്ങളെ വിലക്കുന്നതിനുവേണ്ടി കൂടിയാണ്. ചുരുക്കത്തില്‍ ആറുമണിയാകാന്‍ കോവിഡ് കാലത്ത് കാത്തിരുന്ന മുഖ്യമന്ത്രിയെ അഞ്ചു മാസമായിട്ടും ജനങ്ങള്‍ കാണാത്ത അവസ്ഥയില്‍ വരെ ചെന്നെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരാണിത്. സര്‍ക്കാരുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന വിവാദങ്ങളിലെങ്കിലും പ്രതികരിക്കാനുള്ള സാമാന്യ മര്യാദ പുലര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയേണം. മറച്ചുവയ്ക്കാന്‍ പലതും ഉള്ളതുകൊണ്ടാണ് ഈ മൗനമെന്ന് ജനം വിധിയെഴുതി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments