യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ് ഇതുവര നിയമനം ലഭിച്ചത്. ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന പ്രത്യേകത കൂടിയുണ്ട്. അമ്പതിലേറെ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പ്രതിവർഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന വ്യവസ്ഥയാണ് യു.എ.ഇയിലുള്ളത്.
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് രാജ്യത്തെ സ്വദേശിവത്കരണ പദ്ധതി നിർണായക വിജയം കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തിയത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ 79,000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനയുണ്ട്. ഈ കാലയളവിൽ അര ലക്ഷത്തിലേറെ സ്വദേശികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്.
സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശി അനുപാതം ഉയരുന്നത് സർക്കാർ പദ്ധതിയുടെ ശരിയായ പ്രയോഗവത്കരണത്തിന്റെ തെളിവാണെന്ന് മാനവ വിഭവ സ്വദേശിവത്കരണവകുപ്പ് മന്ത്രി ഡോ. അബ്ദുർറഹ്മാൻ അൽ അവാർ അറിയിച്ചു. സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു. 2026 ഓടെ സ്വദേശിവത്കരണ തോത് 10 ശതമാനമായി ഉയർത്തണമെന്നും അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു