ന്യൂഡൽഹി : ഇന്ത്യയുടെ സൈനികക്കരുത്തിനു ബലമേകാൻ കൂടുതൽ റഫാൽ പോർവിമാനങ്ങൾ എത്തിയേക്കും. ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. 3 സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും സേനയുടെ ഭാഗമാകും.
ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സേനകൾ സമർപ്പിച്ച ശുപാർശകൾ പ്രതിരോധ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ശുപാർശ യാഥാർഥ്യമായാൽ ഇന്ത്യൻ നാവികസേനയ്ക്കു 22 സിംഗിൾ സീറ്റ് റഫാൽ മറീൻ പോർവിമാനവും 4 പരിശീലന വിമാനവും സ്വന്തമാകും.
സുരക്ഷാഭീഷണി വർധിക്കുന്നതിനാൽ പുതിയ ആയുധങ്ങൾ എത്രയും വേഗം വേണമെന്നു നാവികസേന ആവശ്യപ്പെടുന്നുണ്ട്. പ്രോജക്ട് 75ന്റെ ഭാഗമായി സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും സേന ചോദിച്ചിട്ടുണ്ട്. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണു കരുതുന്നത്. ചർച്ചകൾക്കുശേഷം അന്തിമ തീരുമാനത്തിലെത്തിയാലേ വില സംബന്ധിച്ചു കൃത്യത വരൂ. ‘മേക്ക് ഇൻ ഇന്ത്യ’ പ്രകാരം നിർമാണം ഇവിടെ നടത്തണമെന്നും വില കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.
നേരത്തേ, 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റഫാലുകൾക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാർ ഒപ്പിട്ടത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മധ്യദൂര മൾട്ടിറോൾ പോർവിമാനമായ റഫാൽ പാക്കിസ്ഥാൻ, ചൈന അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളങ്ങളിലാണു വിന്യസിച്ചിരിക്കുന്നത്.