തിരുവനന്തപുരം: ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരായ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മാസത്തിനിടെ മുതലപ്പൊഴിയില്‍ പത്തിലേറെ അപകടങ്ങളാണ് സംഭവിച്ചത്. നിരന്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നവരുടെ പ്രതികരണം വൈകാരികമായിരിക്കും. അത് ഭരണകര്‍ത്താക്കള്‍ മനസിലാക്കണം. ‘ഷോ കാണിക്കരുത്’ എന്നാണ് മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്. മത്സ്യത്തൊഴിലാളി സമൂഹത്തോട് മന്ത്രിമാര്‍ പരസ്യമായി മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പാവങ്ങളോടല്ല അധികാരത്തിന്റെ ധാര്‍ഷ്ട്യം കാട്ടേണ്ടത്. മന്ത്രിമാരുടെ പ്രസ്താവന അനുചിതവും പ്രകോപനപരവുമാണ്. തടയാന്‍ ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന അപക്വമാണ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുന്നൊരു ജനസമൂഹത്തെ ആശ്വസിപ്പിക്കുന്നതിനും ചേര്‍ത്ത് പിടിക്കുന്നതിനും പകരം മനഃപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ മന്ത്രിമാര്‍ തന്നെ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്.
മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കാന്‍ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ ഇനിയെങ്കിലും തയാറാകണം. രക്ഷാ പ്രവര്‍ത്തനത്തിന് മതിയായ സംവിധാനം ഉറപ്പ് വരുത്തണം. 24 മണിക്കൂറും മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കുന്ന രീതിയില്‍ സേഫ് കൊറിഡോര്‍ സ്ഥാപിക്കണം. അശാസ്തീയമായ നിര്‍മ്മാണം മൂലം അറുപതിലധികം മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നതിനിടയില്‍ മുതലപ്പൊഴിയില്‍ മരണപ്പെട്ടത് ദു:ഖകരമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വിഡി സതീശൻ.