ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി അബ്ദുൾകരീം അൽ ഇസ. മതസൗഹാർദം, സമാധാനം, മനുഷ്യപുരോഗതിയ്‌ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. ആറ് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായാണ് അബ്ദുൾകരീം അൽ ഇസ ഡൽഹിയിലെത്തിയത്.
മതങ്ങൾ തമ്മിലുള്ള ഐക്യം, സമാധാനം, രാജ്യത്തിന്റെ പുരോഗതിയ്‌ക്കായുള്ള പ്രവർത്തനങ്ങൾ എന്നിവ മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി അബ്ദുൾകരീം അൽ ഇസയുമായി
ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ വികസനവഴികളും, വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഐക്യം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
എല്ലാവരെയും ഉൾപ്പെടുത്തി രാജ്യത്തിന്റെ വളർച്ചയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവേശകരമായ പ്രവർത്തനങ്ങളെ താൻ അഭിനന്ദിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം അബ്ദുൾകരീം അൽ ഇസ ട്വിറ്ററിൽ കുറിച്ചു.’ബോധപൂർവവും സമഗ്രവുമായ പൗരത്വത്തിലൂടെ മാത്രമേ നമ്മുടെ വൈവിധ്യമാർന്ന ലോകത്ത് സമാധാനവും സമൃദ്ധിയും കൈവരിക്കാൻ സാധിക്കൂ. അതിന് എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മുതിർന്ന ലീഗ് നേതാവ് വ്യക്തമാക്കി. ഖുസ്റോ ഫൗണ്ടേഷനും ഇന്ത്യാ ഇസ്ലാമിക് കൾച്ചറൽ സെന്ററും ചേർന്ന് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.