ലണ്ടൻ∙ ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻ വീണ്ടും അച്ഛനായി. ബോറിസ് ജോണ്‍സന് തന്റെ മൂന്നാമത്തെ ഭാര്യയായ കാരി ജോണ്‍സനിലാണ് ഒരു മകൻ കൂടി ജനിച്ചത്. കാരിയിൽ ജനിക്കുന്ന മൂന്നാത്തെ കുട്ടിയാണ് ഇത്. ഈ മാസം അഞ്ചിനായിരുന്നു കുട്ടിയുടെ ജനനം. ജൂലൈ അഞ്ചിന് രാവിലെ 9.15 ന് ജനിച്ച ഫ്രാങ്ക് ആല്‍ഫ്രഡ് ഒഡീഷ്യസ് ജോണ്‍സന് ലോകത്തിലേക്ക് സ്വാഗതമെന്ന അടിക്കുറിപ്പോടെ നവജാതശിശുവിനെ പിടിച്ച് നില്‍ക്കുന്ന ചിത്രത്തോടു കൂടി ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കുഞ്ഞിനൊപ്പമുളള ഓരോ മിനിറ്റും ആസ്വദിക്കുന്നുവെന്നും തന്റെ മൂത്ത രണ്ട് മക്കളും അവരുടെ എളിയ സഹോദരനെ വളരെ സന്തോഷത്തോടും ആവേശത്തോടും കൂടി ആലിംഗനം ചെയ്യുന്നത് കാണാൻ കഴിയുന്നത് ഏറ്റവും അത്ഭുതകരമായ സംഗതിയാണെന്നും കാരി ജോൺസൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിലെ എൻഎച്ച്എസ് മെറ്റേണിറ്റി ടീമിന് വളരെയധികം നന്ദിയുണ്ടെന്നും അവര്‍ ശരിക്കും മിടുക്കരും കരുതലുള്ളവരുമാണെന്നും കാരി കൂട്ടിച്ചേർത്തു.
തനിക്ക് ആകെ എത്ര കുട്ടികളുണ്ടെന്ന് വെളിപ്പെടുത്താന്‍ ബോറിസ് ജോണ്‍സൻ പലപ്പോഴും വിസ്സമ്മതിച്ചിരുന്നു. കുറഞ്ഞത് മൂന്ന് സ്ത്രീകളില്‍ നിന്ന് ഇതുവരെ എട്ട് പേരെങ്കിലും ബോറിസിന് ജനിച്ചതായാണ് വിവരം. 1993 മുതൽ 2020 വരെ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മറീന വീലറിൽ നാല് കുട്ടികളും 2009 ല്‍ വിവാഹം കഴിക്കാതെ അടുപ്പം പുലർത്തിയിരുന്ന ആർട്സ് കണ്‍സള്‍ട്ടന്റ് ഹെലന്‍ മക്കിന്റൈറിൽ ഒരു കുട്ടിയും ജനിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.ബോറിസ് ജോണ്‍സൻ, കാരി ദമ്പതികൾക്ക് വില്‍ഫ്രഡ് എന്ന പേരുള്ള ആദ്യ മകന്‍ 2020 ഏപ്രിലിൽ ജനിച്ചശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വച്ച് 2021 മെയിൽ ആയിരുന്നു ഇരുവരുടെയും രഹസ്യ വിവാഹം. തുടർന്ന് 2021 ഡിസംബറില്‍ അവര്‍ക്ക് റോമി ഐറിസ് ഷാര്‍ലറ്റ് എന്ന് പേരുള്ള ഒരു പെൺകുട്ടി കൂടി ജനിച്ചു. നിരവധി ആരോപണങ്ങളുടെ പേരില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൈവിട്ട ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി പദം ഒഴിഞ്ഞതും ഋഷി സുനക് പ്രധാനമന്ത്രി ആയതും. പാർട്ടി ഗേറ്റ് വിവാദത്തെ തുടർന്ന് ഇയടുത്ത് എംപി സ്ഥാനവും രാജി വെച്ചിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് വിട്ടതിനുശേഷമുള്ള ബോറിസിന്റെ ആദ്യത്തെ കുട്ടിയാണ് കാരിയിൽ ജനിച്ച ഫ്രാങ്ക്.