പൊന്നാനി : തിരുവനന്തപുരം മുതൽ കണ്ണൂർ വരെ, ഇ.ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അതു യാഥാർഥ്യമാക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. മെട്രോമാൻ ഇ.ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗ ബദൽ റെയിൽപാതയെ പറ്റിയുള്ള കാര്യങ്ങൾ ഇ.ശ്രീധരനോട് സംസാരിച്ചു. സിൽവർലൈനിനെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ തന്നെ അത് അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേഗത വേണമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ സാഹചര്യത്തിൽ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, പരിസ്ഥിതി നാശമില്ലാതെ വേഗതയിൽ എത്തുന്ന ഒരു പാതയെ പറ്റിയാണ് ഇ.ശ്രീധരൻ ചൂണ്ടിക്കാണിച്ചത്. അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണ്. അല്ലാതെ നടപ്പിലാക്കാൻ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിൽവർലൈൻ അല്ല വേണ്ടത്.
വികസനത്തിന്റെ പേരിൽ കേരളത്തിന്റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്. കഴിഞ്ഞ തവണ റെയിൽവെ മന്ത്രിയെ കാണാൻ ഇ.ശ്രീധരനും കൂടെയുണ്ടായിരുന്നു. വ്യക്തമായ മറുപടി ഇ.ശ്രീധരൻ സംസ്ഥാന സർക്കാരിനു വേണ്ടി അദ്ദേഹത്തെ കാണാൻ വന്നവർക്ക് നൽകിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനൊപ്പം നിൽക്കുമെന്നും ഹൈസ്പീഡ് പാത സിൽവർലൈൻ പോലെയല്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.