പട്‌ന: മസാല ദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴ. ബിഹാറിലെ ബക്‌സറിലെ ഒരു ഹോട്ടലിനാണ് 3,500 രൂപ പിഴ ലഭിച്ചത്. 140 രൂപയുടെ സ്‌പെഷ്യല്‍ മസാല ദോശക്കൊപ്പമാണ് സാമ്പാര്‍ നല്‍കാതിരുന്നത്. തുടര്‍ന്ന് ഉപഭോക്താവ് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാരന് മാനസികവും ശാരീരികവും സാമ്പത്തികവുമായ നഷ്ടം ഇതുവഴി സംഭവിച്ചെന്നും 3500 രൂപ കടയുടമ പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. 45 ദിവസത്തിനകം ഹോട്ടല്‍ പിഴയൊടുക്കണം. ഹോട്ടല്‍ ഇത് അനുസരിക്കാതെ വന്നാല്‍ എട്ട് ശതമാനം പലിശയും പിഴത്തുകയ്‌ക്കൊപ്പം അടക്കേണ്ടി വരും.
2022 ആഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകയായ മനീഷ ഗുപ്ത തന്റെ പിറന്നാള്‍ ദിവസം മസാല ദോശ കഴിക്കാനായി ഹോട്ടലിലെത്തിയതായിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായതിനാലാണ് സ്‌പെഷ്യല്‍ മസാല ദോശ തന്നെ ഓര്‍ഡര്‍ ചെയ്തതു.
എന്നാല്‍ ദോശക്കൊപ്പം സാധാരണ ഗതിയില്‍ ലഭിക്കാറുള്ള സാമ്പാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംഭവം അന്വേഷിക്കാനായി ഹോട്ടലില്‍ തിരിച്ചെത്തി. കാരണം തിരക്കിയപ്പോള്‍ ‘ 140 രൂപയ്ക്ക് മൊത്തം ഹോട്ടല്‍ നിങ്ങള്‍ നല്‍കാം’ എന്ന തരത്തിലായിരുന്നു ഉടമയുടെ പ്രതികരണം. ഇതില്‍ പ്രകോപിതയായ മനീഷ പരാതി നല്‍കുകയായിരുന്നു.