ഗാന്ധിനഗര്‍: ഗുജറാത്തില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 100 ആംആദ്മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജിപിസിസി പ്രസിഡന്റ് ശക്തിസിംഗ് ഗോഹില്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി നശിപ്പിച്ച ഗുജറാത്തിനെ നമുക്കൊരുമിച്ച് പുനരുജ്ജീവിപ്പിക്കാമെന്ന് ഗോഹില്‍ പ്രവര്‍ത്തകരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
ഗാന്ധി നഗര്‍ സിറ്റിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരേഷ് കോത്താരി, വെസ്റ്റ് സോണ്‍ മുന്‍ അധ്യക്ഷന്‍ രാജേഷ് പ്രജാപതി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏക സിവില്‍ കോഡിനെ പിന്തുണച്ചുതുള്‍പ്പെടെ ആപ്പ് ഗുജറാത്ത് ഘടകത്തിന് കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ട്. ഈ ഘട്ടത്തില്‍ നൂറ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് ആപ്പിന് തിരിച്ചടിയാവും. നേരത്തെ ഗുജറാത്തിലെ പാര്‍ട്ടിയുടെ ഗോത്രമുഖമായ പ്രഫുല്‍ വാസവ യുസിസിയിലെ നിലപാടിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. യുസിസി ദേശീയ താല്‍പ്പര്യമല്ലെന്നതിനാല്‍ രാജ്യത്തെ ആദിവാസികളും മറ്റ് സമുദായങ്ങളും തന്റെ രാജിയെ പിന്തുണക്കുമെന്നായിരുന്നു വാസവ രാജിക്ക് പിന്നാലെ പ്രതികരിച്ചത്.
പാര്‍ട്ടി ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക സിവില്‍കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപി നിലപാട്. ഏക സിവില്‍കോഡിനെ തത്വത്തില്‍ പിന്തുണക്കുന്നു. വിഷയത്തില്‍ സമവായം ഉണ്ടാക്കണം. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചര്‍ച്ച വേണമെന്നും ആപ്പ് ആവശ്യപ്പെട്ടിരുന്നു. ഏക സിവില്‍ കോഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനിടെയാണ് ആപ്പ് പിന്തുണച്ചെത്തിയത്.