പാരിസ് : ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽസി പാലസിൽ വച്ചായിരുന്നു പുരസ്കാരം.
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ് (അന്ന് പ്രിൻസ് ഓഫ് വേൽസ്), മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബൗട്രസ് ബൗട്രസ് ഘാലി എന്നിവരുൾപ്പെടെയുള്ളവർ പുരസ്കാരത്തിനു നേരത്തേ അർഹരായിട്ടുണ്ട്. ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനു പാരിസിലെത്തിയ മോദി ഫ്രാൻസുമായുള്ള ആയുധ കരാറുകൾ ഉൾപ്പെടെയുള്ളവയിൽ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.