മെട്രോമാന്‍ ഇ.ശ്രീധരന്‍റെ മുന്നോട്ടുവെച്ച വേഗ റെയില്‍ നിര്‍ദേശത്തില്‍ തിടുക്കം വേണ്ടെന്ന് സിപിഎം. വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല. എല്ലാ വശവും പരിശോധിച്ച ശേഷം മാത്രം തുടർ ചർച്ചകൾ മതിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റിൽ ധാരണയായത്. വേഗ യാത്ര വീണ്ടും ചർച്ചയായത് സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തില്‍ വലിയ ചര്‍ച്ചയായ കെ- റെയിലിന്‍റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലുമായി ഇ.ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യം. സർക്കാർ അംഗീകാരിച്ചാൽ പദ്ധതിക്കൊപ്പം സഹകരിക്കുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. കെ റെയിലിൽ നിലവിലെ പദ്ധതി പ്രകാരം മുന്നോട്ട് പോക്കാൻ ആകില്ല. ഹൈ സ്പീഡ്, സെമി സ്പീഡ് റെയിൽ പാത കേരളത്തിൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെവി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തിയതോടെയാണ് കെ റെയിൽ വിഷയം വീണ്ടും കേരളത്തില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ വി തോമസ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത് . ആകാശ പാതയായോ തുരങ്കപാതയായോ പദ്ധതി നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ലെന്നും ഇ.ശ്രീധരൻ വ്യക്തമാക്കിയിരുന്നു. കെ-റെയില്‍ കമ്പനിക്ക് ഇ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി.
‘കെ റെയിലുമായി ഒരു സഹകരണത്തിനുമില്ല. ഒരു പുതിയ ടീമായിട്ട് തന്നെ വരണം. മുഖ്യമന്ത്രിയുമായി കൂടിയാലോചനകള്‍ക്ക് തയ്യാറാണ്. അദ്ദേഹത്തിന് എന്നെ നന്നായിട്ടറിയാം. കെ റെയിലിന്റെ ഫണ്ടിങ് പാറ്റേണ്‍ ശരിയായ രീതിയിലല്ല. താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യത വരില്ല. മൂന്ന് വഴികളാണ് ഫണ്ടിനുള്ളത്. ഒന്ന്, സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായി പങ്കാളിത്തം. രണ്ടാമത്തേത്, മെട്രോ പാറ്റേണ്‍ ആണ്. മൂന്നാമത്തേത് കൊങ്കണ്‍ റെയില്‍ സിസ്റ്റമാണ്’- ശ്രീധരന്‍ പറഞ്ഞു.
18 മാസം കൊണ്ട് പുതിയ ഡിപിആർ തയ്യാറാക്കാം. തന്റെ പ്രൊപ്പോസൽ അംഗീകരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങാൻ സഹായിക്കാം. നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇ.ശ്രീധരന്റെ നിർദേശത്തോട് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ, ശ്രീധരന്റെ നിർദേശം പോസിറ്റീവായാണ് കാണുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസൽ പറയുന്നത്. ഡിപിആറിൽ പൊളിച്ചെഴുത്ത് ആലോചിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.