ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിലെത്തും. അധികാരമേറ്റതിന് ശേഷമുള്ള അഞ്ചാമത് യുഎഇ സന്ദർശനത്തിനായാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും.
ഇന്ത്യയും യുഎഇയും തമ്മിലെ സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്ന ഘട്ടത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് കാരണമാകും. യുഎഇ അദ്ധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെയും ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. നേരത്തെ 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിലായിരുന്നു പ്രധാനമന്ത്ര യുഎഇ സന്ദർശിച്ചിട്ടുള്ളത്. 2019-ൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് നൽകി യുഎഇ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചിരുന്നു. 2017-ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തിരുന്നു.