ബെംഗ്‌ളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 19ന് രാവിലെയായിരിക്കും കൂടിക്കാഴ്ച്ച. പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ജൂലൈ 17,18 തിയ്യതികളില്‍ ബെംഗ്‌ളൂരുവിലെത്തുന്നുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം കെസി വേണുഗോപാല്‍ രണ്‍ദീപ് സുര്‍ജ്ജേവാല എന്നിവരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ ചര്‍ച്ച ചെയ്യലായിരിക്കും പ്രധാന അജണ്ട. സര്‍ക്കാരിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്ന തരത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കും.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സോണിയാഗാന്ധി അത്താഴവിരുന്നിനും ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. എംഡിഎംകെ, കെഡിഎംകെ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി) എന്നീ പാര്‍ട്ടികള്‍ ജൂലൈ 17,18 തിയ്യതികളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ജൂണ്‍ 23ന് ബിഹാറിലെ പട്നയിലായിരുന്നു ആദ്യയോഗം ചേര്‍ന്നത്. ഇതില്‍ എംഡിഎംകെയും കെഡിഎംകെയും 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷിയായിരുന്നു.