വാറ്റിന് പകരം കുവൈത്തില്‍ എക്സൈസ് നികുതി നടപ്പിലാക്കുവാന്‍ നീക്കം. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പരിഗണനക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ നീക്കം പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. രാജ്യത്ത് എക്സൈസ് നികുതി നടപ്പിലാക്കുവാന്‍ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. നേരത്തെ മൂല്യവർദ്ധിത നികുതി നടപ്പിലാക്കുവാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പാര്‍ലിമെന്റില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എക്സൈസ് നികുതി ചുമത്തുവാന്‍ ആലോചിക്കുന്നത്.
മൂല്യവർദ്ധിത നികുതി നിര്‍ദ്ദേശങ്ങളെ എം പിമാര്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടക്കത്തില്‍ പുകയില, ശീതളപാനീയങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, ആഡംബര കാറുകൾ, യാച്ചുകൾ എന്നീവക്കായിരിക്കും എക്സൈസ് നികുതി ചുമത്തുക. 10 മുതൽ 25 ശതമാനം വരെയാണ് നികുതി ഈടാക്കുക. നിർദ്ദിഷ്ട എക്സൈസ് നികുതി പ്രകാരം പ്രതിവർഷം 500 ദശലക്ഷം ദിനാര്‍ വരുമാനം ലഭിക്കുമെന്നാണ് ധന മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ആഡംബര വസ്തുക്കൾക്ക് മാത്രമാണ് നികുതി ഏര്‍പ്പെടുത്തുക. നേരത്തെ വിദേശികൾക്ക് മാത്രമായി റെമിറ്റൻസ് ടാക്സ് നിര്‍ദ്ദേശം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും എം പിമാരുടെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, രാജ്യത്ത് നികുതി ഏര്‍പ്പെടുത്തുന്നത് പ്രവാസികളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിരവധി പ്രയാസങ്ങളാല്‍ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികള്‍ക്ക് മേല്‍ നികുതി കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ്.