വാഷിംഗ്ടൺ: പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എ.ഐ ) സ്റ്റാർട്ടപ്പിന് തുടക്കമിട്ട് ടെസ്‌ല സ്ഥാപകനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്. എക്സ് എഐ ( xAI ) എന്നാണ് സ്ഥാപനത്തിന്റെ പേര്. സുരക്ഷിതവും ധാർമ്മികവുമായ എ.ഐ എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്
മസ്ക് തന്നെയാണ് കമ്പനിയെ നയിക്കുകയെന്നും പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അറിയിച്ചിട്ടുണ്ട്. ട്വിറ്റർ, ടെസ്‌ല എന്നിവയുമായി ചേർന്ന് എക്സ് എഐ കമ്പനി പ്രവർത്തിക്കും.ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് മസ്കിന്റെ പുതിയ നീക്കം. മുമ്പ് ഓപ്പൺ എഐയ്ക്ക് തുടക്കമിട്ടത് മസ്‌കിന്റെ അടക്കം പിന്തുണയോടെയാണെങ്കിലും അദ്ദേഹം പിന്നീട് പിൻമാറുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ കാട്ടി കമ്പനിയെ വിമർശിക്കുകയും ചെയ്തു. ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങിയ വമ്പൻ കമ്പനികളിൽ ജോലിചെയ്തിരുന്ന നിരവധി എൻജിനിയർമാരും എക്സ് എഐയുടെ ഭാഗമാണ്. എഐ സമൂഹത്തിന്റെ നാശത്തിന് കാരണമായേക്കാമെന്നും എഐ മേഖലയിലെ അനിയന്ത്രിതമായ മത്സരം നിയന്ത്രിക്കണമെന്നും മാസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിനിടെ മസ്ക് പറഞ്ഞിരുന്നു.