രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിക്ഷേപണത്തെക്കുറിച്ച് സംസാരിച്ചത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.
‘ ഇന്ത്യയുടെ സാഹസികമായ ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുന്നു. ഓരോ ഇന്ത്യൻ പൗരന്റെയും സ്വപ്നാഭിലാഷങ്ങളെ സാക്ഷാത്കരിച്ചുകൊണ്ട് ചന്ദ്രയാൻ-3 ഉയരത്തിലേക്ക് കുതിക്കുകയാണ്. രാജ്യത്തിന്റെ ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞർ നൽകിയ പൂർണമായ അർപ്പണമനോഭാവത്തിന്റെ തെളിവാണ്. അവരുടെ ആത്മാർത്ഥതയെയും ഊർജ്ജസ്വലതയെയും അഭിനന്ദിക്കുന്നു’ -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ വിക്ഷേപണത്തിന് മുന്നോടിയായി പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിരുന്നു. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഇന്ന് രാജ്യത്തിന്റെ മൂന്നാമത്തെ ചാന്ദ്രദൗത്യം അതിന്റെ യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകയും സ്വപ്നങ്ങളും ദൗത്യം വഹിക്കുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.