Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsKSRTC-യെ മനപൂർവം ഇല്ലാതാക്കാൻ ശ്രമം; കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്: വി ഡി സതീശന്‍

KSRTC-യെ മനപൂർവം ഇല്ലാതാക്കാൻ ശ്രമം; കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്: വി ഡി സതീശന്‍

കൊച്ചി: കെഎസ്ആർടിസിയെ പിണറായി സര്‍ക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാറിന്റെ തുടർച്ചയായ അവഗണന മൂലം സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ ആരോപിച്ചു. ഷെഡ്യൂളുകളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്.  ഒരു ദയവും ഇല്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയോട് പെരുമാറുന്നതെന്ന് സതീശൻ വ്യക്തമാക്കി.

ശമ്പളവും പെന്‍ഷനും നല്‍കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കെ.എസ്.ആര്‍.ടി.സി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വിഫ്റ്റ് ഉണ്ടാക്കിയതെന്ന് വി ഡി സതീശൻ ആരോപിച്ചു. . ലാഭമുള്ള റൂട്ടുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റി ലാഭകരമല്ലാത്ത റൂട്ടുകളൊക്കെ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കി. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായിട്ടും സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതില്‍ സര്‍ക്കാരാണ് ഒന്നാം പ്രതി. കെ.എസ്.ആര്‍.ടി.സി അപകടത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരവധി തവണ നിയമസഭയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മനപൂര്‍വമായി കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചുള്ള സില്‍വര്‍ ലൈന്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തിയതെന്നും സതീശൻ  പറഞ്ഞു. സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്ന യു.ഡി.എഫിന്റെ ഉറച്ച നിലപാട് ഇപ്പോള്‍ സര്‍ക്കാരും അംഗീകരിച്ചിരിക്കുകയാണ്. പുതിയ റെയില്‍പ്പാത സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതല്ലാതെ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ പ്രതിപക്ഷത്തിന് താല്‍പര്യമുണ്ട്. അല്ലാതെ എടുത്തുചാടി എന്തിനെയും എതിര്‍ക്കുന്ന സമീപനം പ്രതിപക്ഷത്തിനില്ല. സില്‍വര്‍ ലൈനിലും വിദഗ്ധരുമായി നിരന്തര ചര്‍ച്ച നടത്തിയ ശേഷമാണ് അത് കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചത്. ഇ ശ്രീധരന്‍ നല്‍കിയ ഒരു പേപ്പറിന്റെ പേരിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അതിവേഗ റെയില്‍പ്പാതയെ കുറിച്ച് സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. എന്താണ് പദ്ധതി? അതിന്റെ ഡി.പി.ആര്‍ എന്താണ്? പദ്ധതി പാരിസ്ഥിതികമായ കേരളത്തെ എങ്ങനെ ബാധിക്കും? ഇതൊക്കെ സര്‍ക്കാര്‍ വ്യക്തമാക്കണം. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും സാമ്പത്തികമായി കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന പദ്ധതി ആയതിനാലാണ് കെ റെയിലിനെ യു.ഡി.എഫ് എതിര്‍ത്തത്.

അതേസമയം കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സപ്ലൈക്കോയും പൂട്ടലിന്റെ വക്കിലാണെന്ന് സതീശൻ ചൂണ്ടീക്കാട്ടി. 3500 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. ഒരു സാധനത്തിന്റെയും വില കൂട്ടില്ലെന്നാണ് എല്‍.ഡി.എഫ് പറഞ്ഞത്. ഒരു സാധനവും സപ്ലൈകോയില്‍ ലഭ്യമല്ലാത്തതിനാല്‍ വില കൂട്ടേണ്ട ആവശ്യമില്ല. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. 50 മുതല്‍ 150 ശതമാനം വരെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. വിപണി ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളതെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments