ന്യൂഡൽഹി: ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ. പേടകത്തിന്റെ നില സാധാരണ നിലയിലാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ‘ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്. അത് ഭൂമിയുടെ ഏറ്റവും അടുത്തുള്ളപ്പോൾ 173 കിലോമീറ്ററും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിൽ 41,762 കിലോമീറ്ററുമാണ്’ -ഐഎസ്ആർഒ അറിയിച്ചു.
ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് എർത്ത്ബൗണ്ട് ഫയറിംഗ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ച് കൊണ്ടാണ് ഇത് സാദ്ധ്യമാക്കിയത്. ബെംഗളൂരുവിലെ സാറ്റലൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഭ്രമണപഥമാറ്റം നടത്തിയതെന്നും ഐഎസ്ആർഒ അറിയിച്ചു.
അഞ്ച് തവണയാണ് ചന്ദ്രയാൻ-3യുടെ ഭ്രമണപഥം വികസിപ്പിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചാന്ദ്രദൗത്യത്തിലെ നിർണായ ഘട്ടങ്ങളിൽ ഒന്നാണിത്. ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന് പറയപ്പെടുന്ന ഇത് ജൂലൈ 31-നോ അല്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനോ സംഭവിക്കാനാണ് സാദ്ധ്യത. ഓഗസ്റ്റ് 23-നോ 24-നോ ആയിരിക്കും ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ്.
മുൻപ് ചന്ദ്രയാൻ-3 ഭ്രമണപഥത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിരുന്നു. വിക്ഷേപണ വാഹനമായ എൽവിഎം3 റോക്കറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങളായിരുന്നു ഇത്.