ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി. നേതാവിന്റെ മകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ദതിയ ജില്ലയിലെ ബി.ജെ.പി. പ്രാദേശിക നേതാവിന്റെ മകന്‍ അടക്കമുള്ളവരാണ് ബലാത്സംഗക്കേസില്‍ പ്രതികളായിട്ടുള്ളത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ദതിയ ഉന്നാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരങ്ങളാണ് ക്രൂരമായ പീഡനത്തിനിരയായത്. നാലുപേര്‍ ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇളയസഹോദരി നല്‍കിയ പരാതിയിലുള്ളത്. നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഒരു വീട്ടിലേക്കാണ് എത്തിച്ചത്. ഇവിടെവെച്ച് സഹോദരിയെ ബലാത്സംഗം ചെയ്‌തെന്നും തന്നെയും പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.സംഭവത്തിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടികളില്‍ മൂത്തസഹോദരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീടിനുള്ളില്‍ തൂങ്ങിമരിക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.