ദോഹ: വാഹനങ്ങളിൽ നിന്നുള്ള ശബ്ദമലിനീകരണം തടയാൻ നടപടികൾ ഊർജിതമാക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. ഇതുസംബന്ധിച്ച് കാർ, ബൈക്ക് ഡീലർമാർക്ക് സർക്കുലർ നൽകി. നിയമം ലംഘിച്ചാൽ ഒരുലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ.
രാജ്യത്ത് നിരത്തുകളിലിറങ്ങുന്ന കാറുകളും ബൈക്കുകളും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഓരോ വാഹനത്തിനും അനുവദിക്കപ്പെട്ട ശബ്ദത്തിൽ കൂടുതൽ അവ പുറപ്പെടുവിക്കുന്നില്ലെന്ന് ഡീലർമാർ ഉറപ്പാക്കണം. സ്റ്റാൻഡേർഡ് ഡെസിബലിനേക്കാൾ കൂടുതൽ ശബ്ദമുണ്ടാക്കുന്ന സ്‌പെയർപാർട്‌സുകൾ വാഹനങ്ങളിൽ നിന്ന് നീക്കം ചെയ്യണം. അതിന് സാധ്യമല്ലാത്ത കാറുകൾ തിരിച്ചുവിളിക്കണം. ഡീലർമാർക്കും വർക്ക് ഷോപ്പുകൾക്കും ഇതിനായി രണ്ട് മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഒരു ലക്ഷം റിയാൽ, അതായത് 22.5 ലക്ഷം രൂപ പിഴ, രണ്ട് വർഷം വരെ തടവ്, മൂന്ന് മാസം സ്ഥാപനം അടച്ചിടൽ എന്നിവയാണ് ശിക്ഷ. ഡീലർമാരും വർക് ഷോപ്പുകളും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് കാമ്പയിൻ സംഘടിപ്പിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.