പിതൃമോക്ഷത്തിനായുള്ള കർക്കടക വാവ് ബലി ഇന്ന്. കർക്കടകത്തിലെ കറുത്തവാവ് ബലി പിതൃമോക്ഷത്തിന് പ്രാധാന്യമേറിയതാണെന്നാണ് വിശ്വാസം. ഐതിഹ്യപ്രകാരം ഭൂമിയിലെ ഒരുവർഷം മരിച്ചുപോയ പിതൃക്കൾക്ക് ഒരുവർഷമായാണ് കണക്കാക്കുക. ഉത്തരായനം ദൈവകാര്യങ്ങൾക്കും ദക്ഷിണായനം പിതൃകാര്യങ്ങൾക്കുമായാണ് പുരാണകാലംമുതൽ നീക്കിവെച്ചിട്ടുള്ളത്. അതിനാൽ ദക്ഷിണായനത്തിലെ ആദ്യ അമാവാസിയായ കർക്കടക വാവാണ് പിതൃതർപ്പണത്തിന് അനുയോജ്യമായി കണക്കാക്കിയിട്ടുള്ളത്.
വാവിന് തലേന്നുതന്നെ വ്രതമെടുത്ത് അമാവാസിദിവസം പുലർച്ചെ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ച് എള്ളും പൂവും ഉണക്കലരിയും പൂജാദ്രവ്യങ്ങളുംകൊണ്ട് ബലിതർപ്പണം നടത്തുകയാണ് ചടങ്ങ്. ഈ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് ഒരുവർഷത്തേക്ക് മോക്ഷം ലഭിക്കുമെന്നും പണ്ടുമുതൽ വിശ്വസിക്കുന്നു. കേരളത്തിലും അമാവാസിദിവസത്തെ വളരെ പ്രാധാന്യത്തോടെയാണ് കൊണ്ടാടുന്നത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കാസർകോട് തൃക്കണ്ണാട് തുടങ്ങി പ്രശസ്ത ക്ഷേത്രക്കടവുകളിലും ബലിയിടുന്നു. കൂടാതെ ഗയ, കാശി, രാമേശ്വരം എന്നിവിടങ്ങളിലെല്ലാം പിതൃകോപമില്ലാതിരിക്കാൻ തർപ്പണം നടത്താറുണ്ട്.