കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സിപിഎമ്മിന്റെ സെമിനാർ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. സിപിഎമ്മിന്റെ ലക്ഷ്യം തുല്യതയല്ലെന്നും എടുത്തു ചാടി സെമിനാർ വിളിച്ചത് മുസ്ലിം സംഘടനകളെ ബോധിപ്പിക്കാൻ വേണ്ടിയാണെന്നും ഹസ്സൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യൂണിഫോം സിവിൽ കോഡിൽ സിപിഎമ്മിന്റെ നിലപാടും സെമിനാറിൽ പങ്കെടുത്ത മതസംഘടനകളുടെ നിലപാടും തമ്മിൽ അടിസ്ഥാനപരമായി പൊരുത്തക്കേടുകൾ ഉണ്ടെന്ന് അവിടെ നടന്ന പ്രസംഗങ്ങളിൽ കൂടി വ്യക്തമാണ്. സിപിഎം യഥാർത്ഥത്തിൽ ലക്ഷ്യം വെച്ചത് എല്ലാ വ്യക്തിനിയമത്തിലും മാറ്റം വരണം എന്നതാണ്. മാറ്റം വരുമ്പോൾ സിപിഎമ്മിന്റെ ലക്ഷ്യം തുല്യത എന്നതാണ്. മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന നിലപാടാണ് സീതാറാം യെച്ചൂരി പ്രസംഗിച്ചത്. എന്നാൽ മറ്റ് മതസംഘടനകൾ പലതും മുസ്ലീം വ്യക്തിനിയമത്തിന്റെ കാര്യത്തിൽ തുല്യതയെന്നതിനോട് ഒട്ടും യോജിക്കുന്നില്ല’ ഹസ്സൻ പറഞ്ഞു.
‘മാർക്‌സിസ്റ്റ് പാർട്ടി വളരെ എടുത്തുചാടി സെമിനാർ വിളിച്ചതിന്റെ കാരണം ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ മറ്റ് ആരേക്കാളും ഞങ്ങളാണ് മുന്നിലെന്ന് മുസ്ലീം സംഘടനകളെ ബോധിപ്പിക്കാനാണ്. മുസ്ലീം സംഘടനകളെല്ലാം പറഞ്ഞിട്ടുള്ള അഭിപ്രായം കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തുവന്നിട്ടുള്ളതാണ്. ഏകീകൃത സിവിൽ കോഡ് വിഷയം ഒരു മുസ്ലീം പ്രശ്നമായിട്ട് മാത്രം ഞങ്ങൾ കാണുന്നില്ലെന്നും എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്നതാണെന്നും സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുസ്ലീം ലീഗും അതേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഏകീകൃത സിവിൽ കോഡിന്റെ പ്രഖ്യാപനം വന്നയുടനെ യുസിസിയെ എതിർക്കാൻ മുസ്ലീം സംഘടനകളുടെ യോഗം വിളിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഈ മാസം 29ന് യുഡിഎഫ് തിരുവനന്തപുരത്ത് നടത്തുന്ന ബഹുസ്വരത സംഗമത്തിൽ എല്ലാ മത സംഘടനകളെയും വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.