ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടക്കം 11 പേര് എതിരാളികളില്ലാതെ രാജ്യസഭയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും എതിരില്ലാതെ രാജ്യസഭാംഗമാകും. ബിജെപിയുടെ 5 പേരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 6 പേരുമാണ് എംപിമാരാവുക. ഒഴിവ് വന്ന സീറ്റുകളില്‍ ജൂലൈ 24നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിര് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബംഗാളിലെ ഒരു സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.
ഇത് രണ്ടാം തവണയാണ് എസ്. ജയശങ്കര്‍ രാജ്യസഭാംഗമാകുന്നത്. ഗുജറാത്തിൽ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളിൽനിന്നും ആനന്ദ് മഹാരാജ്, ഗോവയില്‍നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് ബിജെപിയുടെ ജയം ഉറപ്പിച്ച സ്ഥാനാർഥികൾ.
ഡെറിക് ഒബ്രിയാന് പുറമെ സുഖേന്ദു ശേഖർ റോയ്, ദോള സെൻ, സാകേത് ഗോഖലെ, സമീറുൾ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, രാജ്യസഭയിൽ ഒരു സീറ്റുകൂടി നഷ്ടപ്പെട്ട കോൺഗ്രസിന്റെ അംഗബലം 30ആയി കുറഞ്ഞു.ജൂലൈ 24 മുതൽ രാജ്യസഭയിൽ ഏഴ് സീറ്റുകള്‍ കൂടി ഒഴിവ് വരും. ജമ്മു കശ്മീരിന്റെ നാലു സീറ്റും ഉത്തർപ്രദേശിന്റെ ഒരു സീറ്റും രാഷ്ട്രപതി ശുപാർശ ചെയ്യുന്ന രണ്ട് സീറ്റുകളിലുമാണ് ഒഴിവ്. ഇതോടെ ആകെ രാജ്യസഭാ സീറ്റുകളുടെ എണ്ണം 238 ആയി കേവലഭൂപരിക്ഷത്തിന് 120 സീറ്റുകള്‍ വേണം എന്ന നിലയുണ്ടാകും. 93 സീറ്റുകൾ സ്വന്തമായുള്ള ബിജെപിക്ക് സഖ്യകക്ഷികളെ കൂടി ഒപ്പം ചേര്‍ത്താല്‍ 105 സീറ്റ് ലഭിക്കും. നാമനിർദേശം ചെയ്യപ്പെട്ട 5 എംപിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. ഇതോടെ 112 പേരുടെ പിന്തുണ ലഭിക്കുന്ന ബിജെപിക്ക് കേവലം എട്ട് സീറ്റുകൾ അകലെ ഭൂരിപക്ഷം നേടാം.