തിരുവനന്തപുരം: അരനൂറ്റാണ്ടായി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ നീക്കങ്ങളുടെയെല്ലാം തട്ടകമായിരുന്നു തിരുവനന്തപുരം. അന്ത്യയാത്രക്കൊരുങ്ങി ഉമ്മൻ ചാണ്ടി വീണ്ടും തിരുവനന്തപുരത്തെത്തുമ്പോൾ യാത്രാമൊഴി നൽകാൻ ഹൃദയവേദനയോടെ കാത്തിരിക്കുന്നത് ജനസഹസ്രങ്ങളാണ്. പതിറ്റാണ്ടുകൾ തന്റെ കർമ്മ മണ്ഡലമായിരുന്ന തലസ്ഥാനത്തേക്ക് ഇനി ഒരിക്കൽ കൂടി ആ ജനനായകൻ മടങ്ങി വരില്ല. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. കുടുംബവും അടുത്ത നേതാക്കളുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
വിമാനത്താവളത്തിൽ നിന്ന് അദ്ദേഹത്തെ പുൽപ്പള്ളി ഹൌസിലേക്ക് കൊണ്ടുപോകും. പിന്നീട് പൊതുദർശനം. ആദ്യം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ആയിരിക്കും പൊതുദർശനം. തുടർന്ന് ഉമ്മൻ ചാണ്ടി പതിവായി പോകാറുള്ള ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രലിൽ പൊതുദർശനം. അവിടെ നിന്ന് ഉമ്മൻ ചാണ്ടിയുടെ ജീവശ്വാസമായിരുന്ന കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനമന്ദിരമായ ഇന്ദിരാഭവനിലേക്ക്. പിന്നീട് വർഷങ്ങളായി അദ്ദേഹം കഴിഞ്ഞ ജഗതിയിലെ പുൽപ്പള്ളി വീട്ടിലും പൊതുദർശനം ഒരുക്കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുമായി വിമാനം എത്തുന്നതും കാത്ത് രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും സിനിമാതാരങ്ങളുമടക്കം വിമാനത്താവളത്തിലെത്തിയിരുന്നു. നടൻ കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ടി സിദ്ദിഖ് അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ കാത്തുനിന്നു. ഇതിനിടെ ഒരുമിച്ച് നടന്ന വഴികളുടെ ഓർമ്മയിൽ ഉമ്മൻചാണ്ടിയെ അവസാനമായൊന്ന് കാണാൻ എ കെ ആന്റണി ജഗതിയിലെ പുതുപ്പള്ളി ഹൌസിലെത്തി. ഭാര്യ എലിസബത്ത് ആന്റണിക്കൊപ്പമാണ് അദ്ദേഹം തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയത്.