തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തിന് മുന്നില്‍ വികാരഭരിതനായി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. പുതുപ്പളളി ഹൗസിലെത്തിയ അദ്ദേഹം വിതുമ്പലോടെയാണ് തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. കണ്ണീരോടെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനേയും ഭാര്യ മറിയാമ്മയേയും ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനുമുണ്ടായ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്നും തന്റെ ഇത്രയും കാലത്തെ പൊതുജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തൻ്റെ കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടവും ഉമ്മൻ ചാണ്ടിയുടെ വേർപാടാണെന്നും എ കെ ആന്റണി റിപ്പോർട്ടറിനോട് പറഞ്ഞു.
ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് വിലാപ യാത്ര പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനമുണ്ടായിരിക്കും. രാത്രിയില്‍ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.