ജിദ്ദ: ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കാര്‍ സമ്മാനിച്ചു. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കാര്‍ സമ്മാനിച്ചത്.
തുര്‍ക്കി നിര്‍മിത ഇലക്ട്രിക് കാറായ ടോഗ് ആണ് പാരിതോഷികമായി നല്‍കിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. അല്‍ സലാം കൊട്ടാരത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കാര്‍ ഓടിച്ചുനോക്കി. പാസഞ്ചര്‍ സീറ്റില്‍ എര്‍ദോഗനും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഏജന്‍സി പുറത്തുവിട്ടു.
ടോഗിന്റെ വെള്ള നിറത്തിലുള്ള പാമുക്കലെ കാറാണ് സമ്മാനിച്ചത്. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ വിനോദസഞ്ചാര മേഖലയാണ് പാമുക്കലെ. ഇവിടെയുള്ള ചുണ്ണാമ്പ് കല്ലുകള്‍ക്ക് പരുത്തിയോട് സാമ്യമുള്ള വെള്ള നിറമാണ്. അതുകൊണ്ടാണ് കാറിന് പാമുക്കലെ എന്ന് പേരിട്ടത്.
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഔദ്യോഗിക സന്ദര്‍ശനത്തിനാണ് എര്‍ദോഗന്‍ ജിദ്ദയിലെത്തിയത്. എംബിഎസും എര്‍ദോഗനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തി. ഊര്‍ജം, പ്രതിരോധം, നിക്ഷേപം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്ന നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കുന്നതിന് നേതാക്കള്‍ മേല്‍നോട്ടം വഹിച്ചു.