തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ നിന്നും കെപിപിസി ആസ്ഥാനത്ത് എത്തിച്ചു. പ്രിയനേതാവിന് പാര്‍ട്ടി ആസ്ഥാനത്ത് അവസാന യാത്രയയപ്പ് നല്‍കാനെത്തിയ ജനങ്ങളുടെ വലിയ ഒഴുക്കാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇന്ദിരാഭവനില്‍ എത്തി.
കെ സുധാകരന്‍, വി ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരും ചേര്‍ന്ന് ഭൗതികശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിക്കും. കെ സി വേണുഗോപാലും കെപിസിസി ആസ്ഥാനത്തെത്തി. കണ്ണേ കരളേ ഉമ്മന്‍ ചാണ്ടീ എന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമാണ് ഇന്ദിരാ ഭവന്‍. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിനാളുകളാണ് ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്കും എത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി വിതുമ്പലോടെയാണ് തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. കണ്ണീരോടെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനേയും ഭാര്യ മറിയാമ്മയേയും ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയും ചെയ്തു. വിഎം സുധീരന്‍, ടി സിദ്ദിഖ്, ഇടത് നേതാക്കളായ എഎം ആരിഫ് എംപി, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും പുതുപ്പളളി ഹൗസിലെത്തിയിരുന്നു.
രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് വിലാപ യാത്ര പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനമുണ്ടായിരിക്കും. രാത്രിയില്‍ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.