തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുൻമുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ച രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും കോട്ടയത്തേക്ക് പുറപ്പെടും.
കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. പാപ്പനംകോട് ഡിപ്പോ സെൻട്രൽ വർക്ക്സിലെ JN 336 എന്ന എസി ലോ ഫ്ലോർ ജൻറം ബസാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ബസാണ് ഇത്.
പൂക്കൾ കൊണ്ട് അലങ്കരിച്ച ബസിൽ ജനറേറ്റർ, മൊബൈൽ മോർച്ചറി വയ്ക്കാക്കാനുള്ള സൗകര്യം, ഇരിപ്പിടം എന്നിവ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 7 മണിയോടെ
തിരുവനന്തപുരം ജഗതിയിലെ ഉമ്മൻ ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിൽനിന്നാണ് ഈ ബസിൽ വിലാപയാത്ര ആരംഭിക്കുന്നത്.
കോട്ടയത്ത് തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്കും, ഇവിടെനിന്നു പുതുപ്പള്ളിയിലെ വീട്ടിലേക്കുമാണു ഭൗതികശരീരം എത്തിക്കുക.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ബസിന്റെ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും പരിശോധിച്ചു.