കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറ. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ. അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങളെ സഹായിക്കാനുള്ള മനസ്സാണ് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ ശ്രേഷ്ഠനാക്കുന്നത് എന്ന് സെന്റ് ജോര്‍ജ് വലിയപള്ളി വികാരി ഫാദര്‍ ഡോക്ടര്‍ വര്‍ഗീസ് പറഞ്ഞു. വ്യാഴാഴ്ച്ച മൂന്ന് മണിക്കാണ് അന്ത്യ ശുശ്രൂഷ ആരംഭിക്കുന്നത്.
അതേസമയം പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് രാത്രി വൈകിയും തലസ്ഥാന നഗരിയില്‍ തടിച്ചുകൂടുന്നത്.
അതിവൈകാരികമായ രംഗങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച ദര്‍ബാര്‍ ഹാളിലും പുതുപ്പള്ളി ഹൗസിലും അടക്കം കാണാന്‍ സാധിച്ചത്. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധരുടെ വരെ നീണ്ട നിരയായതോടെ നേരത്തെ നിശ്ചയിച്ച സമയത്തിലും ഏറെ വൈകിയാണ് ഓരോയിടത്തെയും പൊതുദര്‍ശനം അവസാനിച്ചത്.