ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സെപ്റ്റംബർ 22-ന് നടക്കുന്ന പൊതുസഭാ സമ്മേളനത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് യുഎൻ അറിയിച്ചു. ഇന്ത്യയിൽ സെപ്റ്റംബർ 23ന് അർദ്ധരാത്രി 12:30നും രാവിലെ 6:30നും ഇടയിലായിരിക്കും മോദി സംസാരിക്കുക.
യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷന്റെ ഉന്നതതല ചർച്ച 2023 സെപ്റ്റംബർ 19-ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ പ്രസംഗത്തോടെ ആരംഭിക്കും. തുടർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംസാരിക്കും. പൊതു ചർച്ചയുടെ ആദ്യ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും സെപ്റ്റംബർ 23ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും സംസാരിക്കും.
യുഎൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്തതിന് ശേഷം ഈ വർഷം യുഎന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. 2020-ൽ കൊറോണ മഹാമാരിയുടെ കാലത്ത് യുഎൻ പൊതുസഭയുടെ വാർഷിക ഉന്നതതല യോഗങ്ങളെ നേരിട്ടും വീഡിയോ കോൺഫറസിലൂടെയും നാല് തവണ അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്.