കോട്ടയം: ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര എത്തുനന്തിനോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട ജനനായകനെ കാത്ത് വൻ ജനാവലിയാണ് തിരുനക്കരയിലും സമീപപ്രദേശത്തും എത്തിയിട്ടുള്ളത്. തിരുനക്കര മൈതാനത്ത് ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുദർശനതിന് ക്യു ഏർപ്പെടുത്തുമെന്നാണ് വിവരം. ആൾക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. സുരക്ഷാക്രമീകരണത്തിനായി തിരുനക്കരയിൽ മാത്രം 2000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വിലാപയാത്ര തിരുനക്കരയിലെത്താൻ രാത്രി വൈകുമെന്നാണ് വിലയിരുത്തൽ. എം സി റോഡിലൂടെയുള്ള വിലാപയാത്ര നിലവിൽ വാളകത്താണ് ഉള്ളത്. വ്യാഴാഴ്ചയാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുക. പുതുപ്പള്ളിയിൽ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ
1. തെങ്ങണയിൽ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്ന് ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
2. തെങ്ങണയിൽ നിന്ന് മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്ന് കൈതേപ്പാലം വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
3. മണർകാട് നിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ IHRD ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
4. കറുകച്ചാൽ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
5. കോട്ടയത്ത് നിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
6. കഞ്ഞിക്കുഴി നിന്ന് കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.